Skip to main content

Success Stories

പുനർഗേഹം പദ്ധതി : 1682 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ചു

തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ള, വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നത്തിനു  സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയായ പുനർഗേഹം വഴി ഇതുവരെ 1682 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി. സ്വന്തം നിലയിൽ 2 മുതൽ 3 സെന്റ് വരെ ഭൂമി വാങ്ങി ഭവനം നിർമ്മിയ്ക്കുവാനും ഭൂമിയും വീടും ഒരുമിച്ച് വാങ്ങുവാനും ഗ്രൂപ്പുകളായി ഭൂമി കണ്ടെത്തി ഫ്ളാറ്റ് നിർമിക്കുവാനും ഈ പദ്ധതി വഴി സഹായം നൽകും. ഒരു കുടുംബത്തിന് ഇതിനായി പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം. ഫിഷറീസ് വകുപ്പിന്റെ മേൽ നോട്ടത്തിൽ സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമി ഏറ്റെടുത്തും ഫ്ളാറ്റുകൾ നിർമ്മിച്ചു പുനരധിവസിപ്പിച്ചു വരുന്നു. ഫ്ളാറ്റുകളിലേയ്ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാകലക്ടർ ചെയർമാനും ജനപ്രതിനിധികൾ അംഗങ്ങളുമായ സുതാര്യ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്താകെ പദ്ധതിയ്ക്കായി 2450 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.


സംസ്ഥാനത്തു നിലവിൽ 21,219 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്ത്താക്കൾ. ഇതിൽ 8675 കുടുംബങ്ങൾ സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിയ്ക്കുവാൻ സന്നദ്ധത അറിയിച്ചു. മാറിത്താമസിക്കുന്നതിന് സന്നദ്ധരായ  8675 പേരിൽ 3568 പേർ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തുകയും 2913 പേർ ഭൂമി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് ഭവന നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 1682 ഗുണഭോക്താക്കൾ ഭവനം പൂർത്തീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽ കാരോട് 128 ഉം, ബീമാപള്ളിയിൽ 20 ഉം, കൊല്ലം ജില്ലയിൽ ക്യൂഎസ്എസ് കോളനിയിൽ 114 ഉം ഫ്ളാറ്റുകൾ ഉൾപ്പെടെ 390 ഫ്ളാറ്റുകൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ  128 കുടുംബങ്ങളെ ഫ്‌ളാറ്റുകൾ നിർമ്മിച്ച്  പുനരധിവസിപ്പിച്ചു.ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 228 ഫ്ളാറ്റുകളുടെ നിർമാണം പുരോഗമിക്കുന്നു. മലപ്പുറം ജില്ലയിൽ 1806 കുടുംബങ്ങളാണ് 50 മീറ്റർ പരിധിയിൽ അധിവസിക്കുന്നത്. മാറിതാമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ള 1175 കുടുംബങ്ങളിൽ 396 പേർ ഭൂമി കണ്ടെത്തുകയും 262 പേർ ഭൂമി രജിസ്റ്റർ ചെയ്യുകയും 134 പേർ സുരക്ഷിത മേഖലയിലേയ്ക്ക് മാറി താമസിക്കുകയും ചെയ്തിട്ടുണ്ട്. 

പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ഫ്ലാറ്റ് നിർമാണത്തിനുള്ള ഭരണാനുമതി നടപടികൾ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ് . തിരുവനന്തപുരം ജില്ലയിലെ കാരോട് (24), വലിയതുറ (192), മലപ്പുറം ജില്ലയിലെ പൊന്നാനി (100), ഉണ്ണിയാൽ (16), കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹിൽ (80), കാസറഗോഡ് ജില്ലയിലെ കോയിപ്പാടി (144) എന്നിവിടങ്ങളിലായി 556 ഫ്ളാറ്റുകൾ നിർമ്മിയ്ക്കുന്നതിന് സർക്കാർ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറയിലും വേളിയിലുമായി 10 ഏക്കർ ഭൂമി ലഭ്യമാക്കി 700 ഓളം ഫ്ളാറ്റുകളുടെ നിർമാണാനുമതിക്കുള്ള നടപടിയും പുരോഗമിക്കുന്നു.

പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിൽ നിന്നും 30 സെന്റ് വസ്തു ലഭ്യമാക്കി  കെട്ടിട സമുച്ചയം നിർമിച്ച് 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാൻ കഴിയുന്ന 4  കെട്ടിട സമുച്ഛയങ്ങൾ  തുറമുഖ എഞ്ചിനീയറിങ് വകുപ്പ് മുഖേന  മലപ്പുറം ഉണ്ണിയാലിൽ നിർമ്മാണം ആരംഭിച്ചു. 540 ചതുരശ്ര അടി വിസ്തീർണമുള്ള ഓരോ ഫ്ലാറ്റിലും 2 കിടപ്പ് മുറി, ഒരു ഹാൾ, അടുക്കള, ശൗചാലയം എന്നീ സൗകര്യങ്ങൾ ഉണ്ടാകും

Social Media